റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ പൂര്‍ണമായി നല്‍കുമെന്ന് മന്ത്രി

Top News

തിരുവനന്തപുരം : റേഷന്‍ വ്യാപാരികള്‍ക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷന്‍ അതാത് മാസം തന്നെ പൂര്‍ണമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ടു റേഷന്‍ വ്യാപാരികള്‍ ശനിയാഴ്ച മുതല്‍ കടയടപ്പു സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ ഭാഗികമായി മാത്രം അനുവദിച്ച് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കരുതെന്ന സംഘടനാ നേതാക്കളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.ഫണ്ടിന്‍റെ അപര്യാപ്ത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തികവര്‍ഷത്തെ (2022- 23) റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തിലുള്ള ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്‍റെ കമ്മീഷനായി നല്‍കേണ്ടിവരുന്ന തുക ബജറ്റ് വകയിരുത്തലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഓഗസ്റ്റിലാണ് പ്രഖ്യാപച്ചത്. ഇതിനാലാണ് ഈ ചെലവ് മുന്‍കൂട്ടി കാണാന്‍ സംസ്ഥാന സര്‍ക്കാരിന് കാണാന്‍ കഴിയാതെപോയത്.റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്.
പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമ്മീഷന്‍ കൂടി ചേരുമ്പോള്‍ 28 കോടി രൂപയോളം വേണ്ടി വന്നു. ഇതും മുടക്കം കൂടാതെ സെപ്റ്റംബര്‍ മാസം വരെ വ്യാപാരികള്‍ക്ക് നല്‍കിവന്നിട്ടുണ്ട്. കമ്മീഷന്‍ ഇനത്തില്‍ സെപ്റ്റംബര്‍ വരെ 105 കോടി രൂപ നല്‍കേണ്ട സ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ക്ക് 196 കോടി രൂപ നല്‍കി കഴിഞ്ഞു. ഇതുമൂലം ഒക്ടോബറിലെ കമ്മീഷന്‍ പൂര്‍ണ്ണമായി നല്‍കാന്‍ അധിക തുക ധനകാര്യ വകുപ്പ് അനുവദിക്കേണ്ടതായിട്ടുണ്ട്. ഇതിന് വേണ്ടിയുള്ള നിര്‍ദ്ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നല്‍കുകയും ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണ്ണമായിത്തന്നെ താമസംവിനാ വിതരണം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. കടയടപ്പ് സമരം ചെയ്യാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല എന്നും പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നേയുള്ളൂ എന്നൂം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു.സാങ്കേതിക തകരാര്‍ സുഗമമായ റേഷന്‍ വിതരണത്തെ ബാധിക്കാതിരിക്കാന്‍ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം നവംബര്‍ 25 മുതല്‍ 30 വരെ പുനക്രമീകരിക്കുന്നതായി മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *