കോഴിക്കോട് : എന്‍ട്രന്‍സ് പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന റെയ്സും സയന്‍സ് സെന്‍ററും വിദ്യാഭ്യാസമേഖലയില്‍ സംയുക്ത പദ്ധതികള്‍ക്ക് തുടക്കമിടുന്നു. 500 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം 29ന് സരോവരത്ത് നടക്കുമെന്ന് ഡയറക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോവിഡിനുശേഷമുണ്ടായ സാമ്പത്തിക,സാമൂഹിക പ്രത്യാഘാതങ്ങളുടെ ഫലമായി നീറ്റ്,ജെഇഇ പരീക്ഷകളില്‍ ആദ്യ റാങ്കുകള്‍ കരസ്ഥമാക്കുന്നതില്‍ കേരളം പുറകിലാണിപ്പോള്‍. ഇത് പരിഹരിക്കാന്‍ ഇന്ത്യയിലെ മികച്ച അധ്യാപകരിലൂടെ കോഴ്സുകള്‍ പുതിയ പാഠ്യരീതിയില്‍ ലഭ്യമാക്കുന്ന ‘ഫിസിക്കല്‍ ട്യൂഷന്‍-എന്‍ട്രന്‍സ് എഡ്ടെക്’ എന്ന ഓണ്‍ലൈന്‍ സംരംഭമാരംഭിക്കും. നിലവാരമുള്ള അധ്യാപകരെ വാര്‍ത്തെടുക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ അധ്യാപന പരിശീലന കേന്ദ്രങ്ങള്‍, പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും മറ്റ് പഠനസാധ്യതകളും ലഭ്യമാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയിലൂന്നിയുള്ള മെന്‍ററിംഗ് ആന്‍ഡ് ലേണിംഗ് പ്ലാറ്റ്ഫോം, 100 സ്കൂളുകളില്‍ സ്കൂള്‍ എംപവര്‍മെന്‍റ് പദ്ധതി, ഹോളിസ്റ്റിക് റസിഡന്‍ഷ്യല്‍ സ്കൂള്‍, കുട്ടികളെ പുതിയ ലോകത്തിന്‍റെ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്ന ന്യൂ എയ്ജ് ഏര്‍ളി എഡ്യുക്കേഷന്‍ പ്രോജക്ട് എന്നിവയാണ് മറ്റു പദ്ധതികള്‍.
രണ്ടുവര്‍ഷത്തിനുള്ളില്‍ 2000 തൊഴിലവസരങ്ങള്‍ ഈ സംരംഭങ്ങള്‍ വഴി സൃഷ്ടിക്കും. നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ പദ്ധതികളും നടപ്പാക്കും. ഡയറക്ടര്‍മാരായ എ.രജീഷ്, എസ്. കെ.രാജേഷ്, എന്‍.വി.ഫര്‍ഹാന്‍, പി. പ്രശോഭ്, വി .ദിലീപ്, കെ.എം. അഫ്സല്‍, ഡി.എം.നസീര്‍, കെ. രൂപേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.