കൊളംബോ: രാജ്യത്ത് കലാപം നിലനില്‍ക്കുന്നതിനിടെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ ഇന്നലെ വൈകിട്ട് ചുമതലയേറ്റു . പ്രസിഡന്‍റ് ഗോതബയ രാജപക്സയുമായി നടന്ന കൂടിക്കാഴ്ചയ്ക്കൊടുവിലാണ് തീരുമാനം. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഗോതബയ അറിയിച്ചിരുന്നു.
1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവാണ് റെനില്‍ വിക്രമസിംഗെ. മുന്‍പ് നാല് തവണ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ പ്രതിപക്ഷ നേതാവും ആയിട്ടുണ്ട്. ഇന്ത്യന്‍ അനുകൂല നിലപാടുകളുടെ പേരിലും പ്രശസ്തനാണ് വിക്രമസിംഗെ.അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടതിന് മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സയെയും മകന്‍ നമലിനെയും മറ്റ് 15 സഖ്യകക്ഷികളെയും രാജ്യം വിടുന്നത് ശ്രീലങ്കന്‍ കോടതി വിലക്കി.കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ്യത്ത് കലാപം രൂക്ഷമായതിന് പിന്നാലെ മഹിന്ദ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഔദ്യോഗിക വസതി വളഞ്ഞ സമരക്കാരെ അനുയായികളെ വിട്ട് അടിച്ചമര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ രാജിവച്ചൊഴിയുകയല്ലാതെ രാജപക്സയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാതായി മാറുകയായിരുന്നു.
കലാപത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മഹിന്ദയുടെ ഹമ്ബന്‍തോട്ടയിലെ കുടുംബവീടും കുറുനെഗല സിറ്റിയിലെ വസതിയും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിരുന്നു. മുന്‍ മന്ത്രിമാരായ ജോണ്‍സ്റ്റന്‍ ഫെര്‍ണാന്‍ഡോയുടെയും, നാല് എം.പിമാരുടെയും രണ്ട് മേയര്‍മാരുടെയും ഔദ്യോഗിക വസതികളും തീയിട്ട് നശിപ്പിച്ചു.