തിരുവനന്തപുരം :പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും തമ്മില്‍ വാക്ക് പോര്.വാഴപ്പിണ്ടി നട്ടെല്ലുള്ളപ്രതിപക്ഷം കൊണ്ടുവന്നഅടിയന്തിര പ്രമേയത്തിന് ഒരു കാരണവശാലും അവതരണാനുമതി നല്‍കരുതെന്ന് റിയാസ് നിയമസഭ സ്പീക്കറോട് നിര്‍ദേശിച്ചതാണ് പ്രതിപക്ഷ നേതാവും റിയാസും തമ്മിലുള്ള വാക്ക്പോരിന് വഴിയൊരുക്കിയത്.റിയാസ് മന്ത്രിയായത് മാനേജ്മെന്‍റ് ക്വാട്ടയിലാണെന്നും അത്തരമൊരാള്‍ക്ക് പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ യാതൊരു യോഗ്യതയുമില്ലെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു.സതീശന്‍ ആര്‍. എസ്. എസിന് നട്ടെല്ല് പണയം വെച്ച വ്യക്തിയാണെന്നായിരുന്നു റിയാസിന്‍റെ ആരോപണം.
സ്ത്രീകള്‍ അതിക്രമത്തിന് ഇരയാവുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിനു അനുമതി നിഷേധിക്കണമെന്ന് മന്ത്രി റിയാസ് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. നട്ടെല്ല് വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുത് എന്നായിരുന്നു റിയാസ് ആവശ്യപ്പെട്ടത്. ഇതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.ചിലര്‍ എത്ര പി ആര്‍ വര്‍ക്ക് നടത്തിയിട്ടും മരുമകന്‍ സ്പീക്കര്‍ക്ക് ഒപ്പം എത്തുന്നില്ല. ഈ ആധി കൊണ്ട് സ്പീക്കറെ പരിഹാസ്യനാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.സ്പീക്കറെ ഭയപ്പെടുത്താനാണ് ചിലരുടെ ശ്രമം.അതിന്‍റെ ഭാഗമായാണ് സഭക്കുള്ളില്‍ പലതും നടക്കുന്നത്. പ്രതിപക്ഷത്തെ സ്പീക്കര്‍ക്കെതിരെ തിരിച്ചുവിടാനാണ് ചിലരുടെ നീക്കമെന്നും വി. ഡി. സതീശന്‍ പറഞ്ഞു.സംസ്ഥാനത്തു ഒരു ദിവസം ശരാശരി 47സ്ത്രീകളാണ് അതിക്രമത്തിന് ഇരകളാകുന്നത്. ഇത് നിയമസഭയില്‍ അല്ലാതെ എവിടെ പറയും. ഇതുപോലൊരു വിഷയം സഭയില്‍ പറയാന്‍ പറ്റില്ലെങ്കില്‍ എന്തിനാണ് സഭ കൂടുന്നത്. അതിന് മറുപടി പറയാന്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് സൗകര്യമില്ലെങ്കില്‍ അദ്ദേഹം എന്തിന് ആ കസേരയില്‍ ഇരിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ബി ജെ പി യുടെ പ്രതിപക്ഷ നേതാവിനെപോലെയാണ് വി. ഡി. സതീശന്‍ പെരുമാറുന്നത് എന്നായിരുന്നു മുഹമ്മദ് റിയാസിന്‍റെ പരാമര്‍ശം. ബി. ജെ. പി യുടെ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്താണ് പ്രതിപക്ഷ നേതാവ് മുന്നോട്ട് പോകുന്നത്. നട്ടെല്ല് ആര്‍ എസ് എസിന് പണയം വെച്ച വ്യക്തിയാണ് വി. ഡി. സതീശന്‍. മതനിരപേക്ഷ കോണ്‍ഗ്രസിനെ ഒറ്റു കൊടുക്കുന്ന ആളായി കാലം സതീശനെ വിലയിരുത്തുമെന്നും റിയാസ് കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവായത് പിന്‍വാതിലിലൂടെ ആണോ എന്ന അപകര്‍ഷതാ ബോധം അദ്ദേഹത്തിനുണ്ട്. ത്യാഗംഅനുഭവിക്കാതെ പ്രതിപക്ഷ നേതാവായ ആളാണ് സതീശന്‍. അദ്ദേഹത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിക്ക് സമമാണ്. പ്രതിപക്ഷ നേതാവിനെക്കണ്ടു ഗുഡ് മോര്‍ണിംഗും ഗുഡ് ഈവനിംഗും പറഞ്ഞാലേ മന്ത്രിപ്പണി എടുക്കാന്‍ കഴിയു എന്ന തോന്നല്‍ അദ്ദേഹത്തിന് ഉണ്ടെങ്കില്‍ അത് അലമാരയില്‍ വെച്ചാല്‍ മതിയെന്നും റിയാസ് പറഞ്ഞു.