ന്യൂഡല്‍ഹി: റിപബ്ളിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. ആക്രമണകേസുമായി ബന്ധപ്പെട്ടുളള പിടികിട്ടാപ്പുളളികളില് പ്രധാനിയായ മനീന്ദര്‍ സിംഗ് എന്ന 30കാരനാണ് പിടിയിലായത്. അക്രമം നടന്നപ്പോള്‍ ചെങ്കോട്ടയില്‍ വാള് ചുഴറ്റിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. മനീന്ദര്‍ സിംഗ് വാളുകള്‍ ചുഴറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് പൊലീസ് പറയുന്നത്.ഡല്‍ഹി സ്വരൂപ് നഗറിലെ വീട്ടില്‍ നിന്നാണ് പൊലീസിന്റെ പ്രത്യേക സംഘം ഇയാളെ അറസ്റ്റുചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വാളുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതാണോ ചെങ്കോട്ടയില്‍ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപബ്ളിക്ക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയോടനുബന്ധിച്ചാണ് ചെങ്കോട്ടയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ചെങ്കോട്ടയില്‍ സിക്ക് പതാക ഉയര്‍ത്തിയ നടന് ദീപ് സിദ്ദു ഉള്‍പ്പടെയുളള ചിലരെ പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.
