തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിനായുള്ള റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് വാഹനങ്ങളുടെ ഫ്ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനും ചേര്‍ന്ന് നിര്‍വഹിച്ചു.ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് സജ്ജമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവിലെ ആംബുലന്‍സുകള്‍ക്ക് അധികമായാണ് പുതിയ സംവിധാനങ്ങള്‍. നെഞ്ചുവേദന ഉള്‍പ്പെടെയുള്ളവരെ എത്രയും പെട്ടന്ന് ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് ഒരുക്കിയതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ചികിത്സ ആവശ്യമായവര്‍ക്ക് ഇതേറെ സഹായിക്കും. ആരോഗ്യ വകുപ്പിന് നന്ദിയറിയിക്കുന്നു.
ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4ഃ4 റെസ്ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവയാണ് ആരോഗ്യ വകുപ്പ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴിലാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജന്‍ ഉള്‍പ്പടെയുള്ള സംവിധാനം ലഭ്യമാണ്.ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് സംസ്ഥാന ഓപറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം, കണ്‍സല്‍ട്ടന്‍റ് ഗിരീഷ് ജി നായര്‍ എന്നിവര്‍ പങ്കെടുത്തു