ന്യുഡല്‍ഹി: മോദിയെ പ്രകീര്‍ത്തിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണ്‍. യുക്രെയ്ന്‍ റഷ്യാ യുദ്ധത്തിന്‍റെ ദുഷ്കരമായ സാഹചര്യത്തില്‍ ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി20 വിജയത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു, എയര്‍ബസുമായുള്ള എയര്‍ ഇന്ത്യയുടെ 250 വിമാന കരാര്‍ പ്രഖ്യാപിക്കുന്നതിനുള്ള നേതാക്കളുടെ വെര്‍ച്വല്‍ മീറ്റിംഗില്‍ മാക്രോണ്‍ പറഞ്ഞു.’മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയ്ക്ക് ലോകത്തെ മുഴുവന്‍ ഈ പ്രശ്ന പരിഹാരത്തിനായി അണിനിരത്താന്‍ കഴിയും, ഈ യുഗം യുദ്ധത്തിന്‍റെതല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനോട് പറഞ്ഞിരുന്നെന്നും മാക്രോണ്‍ കൂട്ടിചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം സമര്‍ഖണ്ഡില്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മോദി നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ ലോക നേതാക്കള്‍ സ്വാഗതം ചെയ്യുകയും ഇന്തോനേഷ്യയിലെ ജി-20 പ്രഖ്യാപനത്തില്‍ പോലും പരാമര്‍ശിക്കുകയും ചെയ്തു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ആഴത്തിലുള്ള തന്ത്രപരവും സൗഹൃദപരവുമായ പങ്കാളിത്തത്തിന്‍റെ നാഴികക്കല്ലുകളില്‍ ഒന്നാണ് 250 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള എയര്‍ബസുമായുള്ള എയര്‍ഇന്ത്യ കരാര്‍ എന്ന് മാക്രോണ്‍ പറഞ്ഞു.
എയര്‍ബസും സഫ്രാന്‍ ഉള്‍പ്പെടെയുള്ള അതിന്‍റെ പങ്കാളികളും ഇന്ത്യയുമായുള്ള സഹകരണത്തിന്‍റെ പുതിയ മേഖലകള്‍ വികസിപ്പിക്കാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും ബഹിരാകാശം മുതല്‍ സൈബര്‍ മേഖല വരെ, പ്രതിരോധം മുതല്‍ സംസ്കാരം, തുടങ്ങി വിവിധ മേഖലകളില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ മുന്നോട്ട് പോകാനുള്ള ചരിത്രപരമായ അവസരമാണിതെന്നും എയര്‍ ഇന്ത്യയ്ക്ക് കൈമാറുന്ന പുതിയ 250 വിമാനങ്ങള്‍ ഈ ദിശയിലുള്ള ഒരു ചുവടുവെപ്പായിരിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍ കൂട്ടിചേര്‍ത്തു.
