മോസ്കോ: ചാന്ദ്രദൗത്യത്തില്‍ റഷ്യക്ക് വമ്പന്‍ തിരിച്ചടി. ചന്ദ്രനിലേക്കയച്ച റഷ്യയുടെ പേടകമായ ലൂണ 25 തകര്‍ന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇക്കാര്യം റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ലൂണ തകര്‍ന്നുവീണത്.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ വിക്ഷേപണത്തിന് ശേഷമായിരുന്നു റഷ്യ ലൂണ വിക്ഷേപിച്ചത്. അഞ്ച് പതിറ്റാണ്ടിന് ശേഷം റഷ്യ നടത്തുന്ന ആദ്യത്തെ ചാന്ദ്ര ദൗത്യം കൂടിയായിരുന്നു ലൂണ – 25. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ – 3 ജൂലൈ 14 നാണ് വിക്ഷേപിച്ചത്. അതിന് ഏകദേശം ഒരുമാസത്തിന് ശേഷമാണ് റഷ്യ ലൂണ വിക്ഷേപിച്ചത്. ചാന്ദ്രയാന്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് മുമ്പേ ലൂണ 25 ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനിരിക്കെയാണ് ലൂണ തകര്‍ന്നുവീണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
ഇതിന് പിന്നാലെ റഷ്യ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. അഞ്ച് പതിറ്റാണ്ടിനിടയിലെ ആദ്യ ദൗത്യം പരാജയമായത് റഷ്യയെ സംബന്ധിച്ചടുത്തോളം വലിയ തിരിച്ചടിയാണ്.