റഷ്യയില്‍ നവല്‍നി അനുകൂലികളുടെ
പ്രകടനം; 3,000 പേര്‍ കസ്റ്റഡിയില്‍

Gulf

മോസ്കോ: ജയിലില്‍ കഴിയുന്ന പ്രതിപക്ഷനേതാവ് അലക്സി നവല്‍നിയുടെ അനുയായികള്‍ തുടര്‍ച്ചയായ രണ്ടാം ഞായറാഴ്ചയും റഷ്യയിലുടനീളം പ്രതിഷേധമാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. 3,000 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ചില നിരീക്ഷണ സംഘടനകള്‍ അറിയിച്ചു.
വിഷപ്രയോഗമേറ്റ നവല്‍നി ജര്‍മനിയിലെ ചികിത്സയിലൂടെ സുഖംപ്രാപിച്ച് മടങ്ങിവന്നയുടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. മുമ്പൊരു കേസില്‍ അദ്ദേഹത്തിനു ലഭിച്ച ജയില്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പതിവായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ജര്‍മനിയില്‍ ചികിത്സയിലായിരുന്ന കാലത്ത് വ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ചാണു വീണ്ടും ജയിലില്‍ അടച്ചത്.
കഴിഞ്ഞ ഞായറാഴ്ചത്തെ പ്രതിഷേധത്തില്‍ പങ്കെടുത്ത നാലായിരം പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നവല്‍നിയുടെ ഒട്ടനവധി അടുത്ത അനുയായികള്‍ കസ്റ്റഡിയിലോ വീട്ടുതടങ്കലിലോ ആണ്.
മോസ്കോ, സെന്‍റ് പീറ്റേഴ്സ് ബെര്‍ഗ്, നോവസിബിര്‍സ്ക്, താപനില മൈനസ് 40 ഡിഗ്രിയുള്ള യാക്കുറ്റ്സ്ക്, ഓംസ്ക്, യെക്കാത്തരീന്‍ബെര്‍ഗ് മുതലായ നഗരങ്ങളില്‍ ഇന്നലെ ആയിരങ്ങള്‍ പങ്കെടുത്ത റാലി നടന്നു. പുടിന്‍ മോഷ്ടാവാണ്, സ്വാതന്ത്ര്യം വേണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ മുഴക്കി.
മോസ്കോയില്‍ 140 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. മോസ്കോയിലെ ജയിലുകള്‍ നവല്‍നിയുടെ അനുയായികളെക്കൊണ്ടു നിറഞ്ഞതിനാല്‍ പോലീസ് മറ്റു സ്ഥലങ്ങള്‍ അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *