മോസ്കോ : റഷ്യയിലെ യുദ്ധത്തില്‍ പരുക്കേറ്റ മലയാളികളില്‍ രണ്ടുപേര്‍ ഉടന്‍ നാട്ടിലേക്കു മടങ്ങും. അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്കോയിലെ ഇന്ത്യന്‍ എംബസിയിലെത്തി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇവര്‍ക്കു താല്‍ക്കാലിക യാത്രാരേഖകള്‍ നല്‍കും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ തൊഴില്‍ തട്ടിപ്പിന് ഇരയായി റഷ്യയിലെ യുദ്ധഭൂമിയില്‍ എത്തിയിരുന്നു.
വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് ഇവരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ഇവര്‍ക്കു പുറമെ വിനീത് സില്‍വ, ടിനു പനിയടിമ എന്നീ മലയാളികളും തട്ടിപ്പിനിരയായി, യുക്രെയ്നില്‍ യുദ്ധം ചെയ്യാനുള്ള റഷ്യന്‍ സൈന്യത്തിനൊപ്പം അകപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. യുദ്ധഭൂമിയില്‍ വച്ച് പ്രിന്‍സിനു മുഖത്ത് വെടിയേല്‍ക്കുകയും ഡേവിഡിന്‍റെ കാല്‍ മൈന്‍ സ്ഫോടനത്തില്‍ തകരുകയും ചെയ്തു.
ജനുവരി മൂന്നിനാണ് ആര്‍മി സെക്യൂരിറ്റി ഹെല്‍പര്‍ ജോലിക്കായി ഇവര്‍ റഷ്യയിലേക്ക് പോയത്. 1.95 ലക്ഷം രൂപ ശമ്പളമായി വാഗ്ദാനം ചെയ്താണ് ഏജന്‍റുമാര്‍ ഇവരെ റഷ്യയിലെത്തിച്ചത്. തുടര്‍ന്ന് യുക്രെയ്നെതിരെ യുദ്ധം ചെയ്യാന്‍ നിയോഗിക്കുകയായിരുന്നു. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ മൂന്നു മലയാളികളടക്കം 19 പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്.