കിയവ്: കരിങ്കടലിലെ ശക്തമായ റഷ്യന്‍ നാവിക സേനക്കെതിരെ തുടരുന്ന ആക്രമണത്തില്‍ യുദ്ധക്കപ്പല്‍ തകര്‍ത്തതായി യുക്രെയ്ന്‍ സൈന്യം.റഷ്യന്‍ നിയന്ത്രിത ക്രിമിയയില്‍ ആലുപ്കയോടു ചേര്‍ന്ന കടലിലാണ് കൂറ്റന്‍ കപ്പലായ സീസര്‍ കുനികോവ് ഡ്രോണ്‍ ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ പറ്റി മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി റഷ്യന്‍ സൈനിക ദൗത്യങ്ങളില്‍ പ്രധാന പങ്കുവഹിച്ച യുദ്ധക്കപ്പലാണിത്. ആക്രമണത്തെ കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. ഈ മാസം റഷ്യയുടെ രണ്ടാം യുദ്ധക്കപ്പലാണ് യുക്രെയ്ന്‍ ആക്രമണത്തിനിരയാകുന്നത്. ഫെബ്രുവരി ഒന്നിന് രാത്രി ഡ്രോണ്‍ പതിച്ച് ഇവാനോവെറ്റ്സ് എന്ന കപ്പല്‍ മുങ്ങിയിരുന്നു.87 നാവികരുമായി റഷ്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളിലൊന്നാണിത്. റഷ്യയുടെ കരിങ്കടല്‍ സേനാവ്യൂഹത്തിന്‍റെ 20 ശതമാനവും തകര്‍ത്തുകളഞ്ഞതായും 25 കപ്പലുകള്‍ ഇതുവരെ നശിപ്പിച്ചിട്ടുണ്ടെന്നും യുക്രെയ്ന്‍ പറയുന്നു.
അതിനിടെ, യുക്രെയ്നില്‍ വെടിനിര്‍ത്തലിന് റഷ്യ സമ്മതിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ക്രെംലിന്‍. ഇടനിലക്കാരിലൂടെ യു.എസ് വഴി യുക്രെയ്നില്‍ വെടിനിര്‍ത്തലിന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ സന്നദ്ധത അറിയിച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍, വാര്‍ത്ത ശരിയല്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.അതിനിടെ, റഷ്യക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് ഇല്ലാതാക്കാന്‍ ചൈനയിലെ കമ്ബനികള്‍ക്കുമേല്‍ ഉപരോധനീക്കവുമായി യൂറോപ്യന്‍ യൂനിയന്‍ രംഗത്തെത്തി.