റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തി ബോയിങ്

Top News

വാഷിംഗ്ടണ്‍ ; യുഎസ് എയ്റോസ്പേസ് കമ്പനിയായ ബോയിങ് റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു.ബോയിങിന്‍റെ മോസ്കോയിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തുകയാണ്.
യുദ്ധം തുടരുന്നതിനാല്‍ കമ്പനി ടീം അംഗങ്ങളുടെ സുരക്ഷ കൂടി പരിഗണിക്കുകയാണെന്നും ബോയിങ് കമ്പനി അധികൃതര്‍ അറിയിച്ചു.യുക്രൈനിലെ ഖാര്‍ക്കീവില്‍ റഷ്യ മിസൈലാക്രമണം നടത്തിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെയാണ് ബോയിങിന്‍റെ നടപടി. അതിനിടെ അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുഎസ് പ്രസിഡന്‍റ് ബൈഡനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.യുക്രൈനിലെ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരായി കൂടുതല്‍ കമ്പനികളും രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടരുകയാണ്.
ലോകത്തെ ഏറ്റവും വലിയ എണ്ണവാതക നിര്‍മാതാക്കളിലൊന്നായ എക്സോണ്‍, ആപ്പിള്‍, ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്സ് ഉള്‍പ്പെടെയുള്ള കമ്പനികളും റഷ്യക്കെതിരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.തുടര്‍ച്ചയായ ഏഴാം ദിവസവും യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ റഷ്യയുക്രൈന്‍ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെലാറസ്പോളണ്ട് അതിര്‍ത്തിയിലാവും ചര്‍ച്ച നടക്കുക.
സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *