കോഴിക്കോട്:മാവൂരില്‍ റയോണ്‍സ് ബിര്‍ള കമ്പനിക്ക് നല്‍കിയ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ഭൂരഹിത ഭവനരഹിത ജനസമിതി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ഭൂരഹിതരുടെ പ്രശ്നങ്ങള്‍ വെറും കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പാട്ടകാലാവധി കഴിഞ്ഞിട്ടുള്ള സര്‍ക്കാരിന്‍റെ മുഴുവന്‍ ഭൂമികളും തിരിച്ചുപിടിച്ച് മിച്ചഭൂമി സമ്പ്രദായം ഉടന്‍ നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനത്തെ ഭൂരഹിതര്‍ തയ്യാറാകുമെന്നും കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അപേക്ഷിച്ച് ലിസ്റ്റില്‍ പേരുള്ള മുഴുവന്‍ ആളുകളുടെയും പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 14 ജില്ലകളിലും കണ്‍വെന്‍ഷനുകള്‍ അടുത്ത മൂന്നുമാസത്തിനുള്ളില്‍ വിളിച്ചുചേര്‍ക്കുവാനും യോഗം തീരുമാനിച്ചു.
പി.കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് രാമദാസ് വേങ്ങേരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.ദീപ,എ.കെ.ചന്ദം നെന്മാറ, കെ.നൗഷാദ്, ദേവകി എടവണ്ണപ്പാറ, എസ്.ഷീബ, മിനി.ടി.പി,മുരുകേശ്വരി കല്ലായി, രാധാകൃഷ്ണന്‍ വാഴക്കാട് എന്നിവര്‍ സംസാരിച്ചു.