കണ്ണൂര്‍: റബര്‍ വില 300 രൂപയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനി. കേരളത്തില്‍ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റജനത പരിഹരിച്ചു തരും. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപതയില്‍ സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്‍റെ പ്രസ്താവന. റബ്ബറിന് വിലയില്ല, വിലത്തകര്‍ച്ചയാണ്. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്‍റെ വില 250 രൂപയാക്കാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യമോര്‍ക്കുക. നമുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം, നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട്ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക.നിങ്ങള്‍ക്ക് ഒരു എം.പി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റജനത മാറ്റിത്തരാം. ബിഷപ്പ് പറഞ്ഞു.കോവിഡ് കാലത്ത് കര്‍ഷകരുടെ വായ്പാത്തുകകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ച് ആശ്വാസവാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ കാര്‍ഷിക വായ്പാകുടിശ്ശികകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് ജപ്തി അനുമതി നല്‍കിയാല്‍ കൈയുംകെട്ടിയിരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും, ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത പ്രതിഷേധം കൊണ്ട് കാര്യമില്ലെന്നുമുള്ള ആര്‍ച്ച് ബിഷപ്പിന്‍റെ പരാമര്‍ശം വളരെ ശ്രദ്ധേയമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ പുതിയ ഒരു ദിശയിലേക്ക് നീങ്ങണമെന്നുള്ള ഒരു രാഷ്ട്രീയനിലപാട് തന്നെയായി അദ്ദേഹത്തിന്‍റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെടുന്നു.വിവിധ ക്രൈസ്തവസംഘടനകളും സമുദായ അംഗങ്ങളും ബി.ജെ.പിയോട് അടുക്കുന്നു എന്നതിന്‍റെ തെളിവായാണ് തലശ്ശേരി ബിഷപ്പിന്‍റെ പ്രസ്താവനയെ രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്.ബി.ജെ.പിക്ക് ഇനി എന്തുകൊണ്ട് പിന്തുണകൊടുത്തുകൂടാ എന്ന ചോദ്യം വിവിധ ക്രൈസ്തവമേഖലകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ബി.ജെ.പി ക്കും കേന്ദ്രസര്‍ക്കാരിനും അനുകൂലമായ നിലപാട് ക്രൈസ്തവസമുദായ അംഗങ്ങളില്‍ ശക്തിപ്രാപിക്കുന്നു എന്നത് വസ്തുതയാണ്. തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്‍റെ പ്രസ്താവന വിവിധ ക്രൈസ്തവസംഘടനകളുടെ മനസ്സിലുള്ള കാര്യം തന്നെയാണ് എന്നുവേണം വിലയിരുത്താന്‍.
ഈയിടെ തൃശ്ശൂരില്‍ അമിത്ഷാ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ തൃശ്ശൂരിനും പുറമെ കണ്ണൂരും മത്സരിക്കാന്‍ ഞാന്‍ തയ്യാറാണ് എന്ന് സുരേഷ് ഗോപി വളരെ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുകയുണ്ടായി. തലശ്ശേരി ബിഷപ്പിന്‍റെ പ്രസ്താവനയെ ഇതുമായി ചേര്‍ത്തുവായിച്ചാല്‍ കേരള രാഷ്ട്രീയം വലിയൊരു മാറ്റത്തിന്‍റെ ദിശയിലേക്കാണ് പോകുന്നതെന്ന് കാണാന്‍ കഴിയും.
തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനിയുടെ പ്രസ്താവന മാറ്റത്തിന്‍റെ സൂചന എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുന്നത്. ക്രൈസ്തവസഭകള്‍ക്ക് മോദി സര്‍ക്കാറിലുള്ള വിശ്വാസം വര്‍ദ്ധിച്ചു. റബ്ബര്‍കര്‍ഷകരെ ഉപയോഗിച്ച് അധികാരം നേടിയ രണ്ടു മുന്നണികളും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമിച്ചിട്ടില്ല. മോദി സര്‍ക്കാറാണ് ഇനി അവരുടെ പ്രതീക്ഷ. കേരളത്തിലും നല്ല ഭരണവും വികസനവും കാഴ്ചവയ്ക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിയുകയാണ്. സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ സമീപഭാവിയില്‍ സംഭവിയ്ക്കാന്‍പോകുന്ന രാഷ്ട്രീയ ദിശാമാറ്റത്തിന്‍റെ ശുഭസൂചനയായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് സന്ദേശത്തെ കാണുന്നതായി ബി.ജെ.പി നേതാവ് പി. കെ.കൃഷ്ണദാസും വ്യക്തമാക്കി.
