തിരുവനന്തപുരം: റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ മോന്‍സ് ജോസഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.ചര്‍ച്ചയ്ക്ക് പിന്നാലെ അടിയന്തരപ്രമേയ നോട്ടീസ് നിയമസഭ തള്ളി. ഇതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.റബ്ബര്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടിയുണ്ടാകുമെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ഗൗരവത്തില്‍ കാണും. കേന്ദ്രത്തിനെതിരെ എല്ലാവരും യോജിച്ച് മുന്നോട്ടുപോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
റബ്ബര്‍ വിലയിടിവ് കേന്ദ്ര കരാറുകളുടെ തിക്ത ഫലമാണ്. റബ്ബര്‍ ഇറക്കുമതി നിര്‍ത്തണമെന്നും തീരുവ കൂട്ടണമെന്നും നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റബ്ബര്‍ താങ്ങുവില 250 രൂപയാക്കാന്‍ കേന്ദ്രസഹായം തേടിയിട്ടുണ്ട്. റബ്ബര്‍ കര്‍ഷക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരു. 30000 ഹെക്ടര്‍ റബ്ബര്‍ റീപ്ലാന്‍റിന് സഹായം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. റബ്ബര്‍ താങ്ങുവില എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തത് പോലെ 250 രൂപയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. 25 പദ്ധതി റബ്ബര്‍ബോര്‍ഡ് നിര്‍ത്തലാക്കി. റബര്‍ കര്‍ഷകര്‍ നേരിടുന്നത് എക്കാലത്തെയും വലിയ പ്രതിസന്ധിയാണ്. കര്‍ഷകര്‍ റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി മറ്റ് വിളകളിലേക്ക് പോകുന്ന പ്രവണതയുണ്ട്. നിങ്ങള്‍ പ്രഖ്യാപിച്ച 250 രൂപയെങ്കിലും കൊടുക്കണ്ടേ? 170 രൂപ പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും സതീശന്‍ പറഞ്ഞു.