റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ പുന:സ്ഥാപിക്കും

Latest News

തിരുവനന്തപുരം : റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് സാധൂകരണം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ് പ്രകാരമാണ് കരാറുകള്‍ പുന:സ്ഥാപിക്കാനുള്ള തീരുമാനം.
കരാറുകള്‍ പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗ തീരുമാനം.
പുതിയ ടെന്‍ഡര്‍ വിളിച്ചാല്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരും. ഇത് വൈദ്യുതി ചാര്‍ജിലും പ്രതിഫലിക്കും. അതുകൊണ്ട് റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ കരാറുകള്‍ക്ക് സാധൂകരണം നല്‍കുന്നതാണ് ഉചിതം എന്നും മന്ത്രിസഭായോഗം വിലയിരുത്തി.
യു.ഡി.എഫ് കാലത്താണ് ഒരു മാസത്തെ ഇടവേളയില്‍ രണ്ട് ദീര്‍ഘകാല വൈദ്യുതി കരാറുകളില്‍ ഏര്‍പ്പെട്ടത്. ടെന്‍ഡര്‍ മാനദണ്ഡങ്ങളില്‍ വീഴ്ചവരുത്തിയത് കൊണ്ടാണ് റെഗുലേറ്ററി കമ്മീഷന്‍ കരാര്‍ അംഗീകരിക്കാതിരുന്നത്. ഒന്നാമത്തെ ടെന്‍ഡറില്‍ രണ്ടാമത് വന്ന കമ്പനിക്ക് രണ്ടാമത്തെ ടെന്‍ഡര്‍ നല്‍കി. ഇതാണ് പ്രധാന പിഴവായി റെഗുലേറ്ററി കമ്മീഷനും ഊര്‍ജ്ജവകുപ്പും ചൂണ്ടിക്കാണിച്ചത്.
റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന് (ആര്‍കെഐ) കീഴില്‍ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കും വിശദപദ്ധതി രേഖകള്‍ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
എറണാകുളം കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ്, മാന്നാനം പാലം പുനഃര്‍നിര്‍മ്മാണം, തൃശൂര്‍-പൊന്നാനി കോള്‍ നിലങ്ങളില്‍ പ്രളയം, വരള്‍ച്ച എന്നിവ മറികടക്കാനുള്ള അടിസ്ഥാന-സൗകര്യ വികസന പ്രവൃത്തികള്‍, ധര്‍മ്മടം പ്രദേശത്തെ തോടുകളുടെ സംരക്ഷണ പ്രവൃത്തികള്‍, അച്ചന്‍കോവില്‍, പമ്പാ നദികളുടെ ഡീസില്‍റ്റിംഗും പാര്‍ശ്വഭിത്തി സംരക്ഷണവും, വൈത്തിരി-തരുവണ റോഡിന്‍റെ പടിഞ്ഞാറെത്തറ-നാലാം മൈല്‍ ഭാഗം പുനര്‍നിര്‍മ്മാണം എന്നീ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *