ഹൈദരാബാദ്: രേവന്ത് റെഡ്ഢി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാവും. എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലാണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തെലങ്കാനയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കെ. സി.വേണുഗോപാല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഡി.കെ. ശിവകുമാറും എഐസിസി നിരീക്ഷകരും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് രേവന്തിനെ മുഖ്യമന്ത്രിയാക്കാന്‍ അന്തിമ തീരുമാനമുണ്ടായത്. 64 എംഎല്‍എമാരുടേയും അഭിപ്രായം അറിഞ്ഞ ശേഷമാണ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഗച്ചിബൗളിയിലെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച കൂടിക്കാഴ്ച്ചയില്‍ ഓരോരുത്തരില്‍ നിന്നും പ്രത്യേകം അഭിപ്രായം എടുക്കുകയായിരുന്നു. ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ച്ചയില്‍ എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കി.
