രേവന്ത് റെഡ്ഡിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍

Latest News

ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും കര്‍ഷക കുടുംബാംഗങ്ങള്‍ക്കുള്ള ധനസഹായ വിതരണം സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന മേയ് 13 വരെ നിര്‍ത്തിവെക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍.റെയ്ത്തു ബറോസ പദ്ധതിയിലെ ധനസഹായം മേയ് ഒമ്പതിനോ അതിനു മുമ്പോനല്‍കുമെന്ന് പൊതുയോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നല്‍കിയ കത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. നാലാംഘട്ടമായ മേയ് 13നാണ് തെലങ്കാനയിലെ 17 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്.
നിലവിലുള്ള പദ്ധതി തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയവത്കരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച കമീഷന്‍, ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും വിലയിരുത്തി. പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കരുതെന്നും പരസ്യപ്രചാരണമില്ലാതെയായിരിക്കണം ധനസഹായ വിതരണമെന്നും കഴിഞ്ഞവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിനിടെ നിര്‍ദേശിച്ചിരുന്നുവെന്നും കമീഷന്‍ വ്യക്തമാക്കി.ബി.ആര്‍.എസ് സര്‍ക്കാര്‍ റയത്തു ബന്ധു എന്ന പേരില്‍ നടപ്പാക്കിയ പദ്ധതി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ‘റെയ്ത്തു ബറോസ’ എന്നാക്കുകയായിരുന്നു. തങ്ങളാണ് പദ്ധതി നടപ്പാക്കിയതെന്ന് പ്രസംഗിച്ച ബി.ആര്‍.എസ് നേതാവായ മുന്‍ മന്ത്രിയും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *