രണ്ട് ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍
ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ പ്രതിയായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ജാമ്യമില്ല. ബംഗളൂരുവിലെ അഡിഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ദര്‍ശനെയും മറ്റ് മൂന്ന് പ്രതികളെയും രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വരെ ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. ദര്‍ശന്‍റെ പങ്കാളി പവിത്ര ഗൗഡ അടക്കം മറ്റ് 13 പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മിയെ നേരത്തേ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. രേണുകാസ്വാമിയെ കൊലപ്പെടുത്തിയ ഷെഡിലേക്ക് പോകുമ്പോള്‍ ദര്‍ശന്‍ ധരിച്ച ഷൂ വിജയലക്ഷ്മിയുടെ ഫ്ളാറ്റില്‍ നിന്ന് കണ്ടെടുത്തിരുന്നു. കൊല നടന്ന ദിവസം ദര്‍ശന്‍ ധരിച്ച വസ്ത്രങ്ങള്‍ കോസ്റ്റ്യൂം അസിസ്റ്റന്‍റിന്‍റെ പക്കല്‍ നിന്നും പിടിച്ചെടുത്തു. ഇത് രണ്ടും കേസിലെ നിര്‍ണായകമായ തെളിവുകളെന്ന് പൊലീസ് വ്യക്തമാക്കി. രേണുകാസ്വാമിയെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയ ശേഷം ദര്‍ശന്‍ പോയത് ഹൊസകെരെഹള്ളിയിലെ വിജയലക്ഷ്മിയുടെ ഫ്ളാറ്റിലേക്കാണ്. പുലര്‍ച്ചെ ഫ്ളാറ്റില്‍ ഒരു പൂജ നടത്താന്‍ തീരുമാനിച്ചിരുന്നതിനാല്‍ അതില്‍ പങ്കെടുത്ത ശേഷമാണ് ദര്‍ശന്‍ മൈസൂരുവിലേക്ക് പോയത്. അവിടെ വച്ചാണ് ജൂണ്‍ 11-ന് ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കൂറോളമാണ് അന്വേഷണസംഘം വിജയലക്ഷ്മിയെ ചോദ്യം ചെയ്തത്. ദര്‍ശന്‍റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നോ, സംഭവത്തെക്കുറിച്ച് വല്ലതും പറഞ്ഞിരുന്നോ എന്ന് വിജയലക്ഷ്മിയോട് പൊലീസ് ചോദിച്ചു.