തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്. ഈ മാസം 17-നാണ് കോടതി അപ്പീല്‍ പരിഗണിക്കുക.രാഹുലിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ചാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയില്‍ നിന്നുകൊണ്ട് പൊലീസിനെ ആക്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.
എന്നാല്‍, ഈ ആരോപണം വ്യാജമാണെന്നും രാഹുല്‍ പൊലീസുകാരെ ആക്രമിക്കുന്നതിന് തെളിവില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. അപ്പീല്‍ പരിഗണിക്കുന്നത് മാറ്റിയതോടെ 17 വരെ രാഹുല്‍ ജയിലില്‍ തുടരുമെന്ന് ഉറപ്പായി. ഇതോടൊപ്പം സര്‍ക്കാര്‍ നിലപാട് കൂടി കോടതിയെ അറിയിക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും വാദം കേള്‍ക്കുക.ജനുവരി ആറ് വരെ രാഹുല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ രേഖകള്‍ ഹരജിയില്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ല എന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇതില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നാണ് ഹരജിക്കാരുടെ ആരോപണം. രാഹുലിന്‍റെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ വദിച്ചു.
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ സംഭവത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂര്‍ മുണ്ടപ്പള്ളിയിലുള്ള വീട്ടില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ച അഞ്ചരയോടെ അടൂര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് കന്‍റോണ്‍മെന്‍റ്എസ്.ഐ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തോടെ തിരുവനന്തപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.