ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമര്‍ശം. വോട്ടര്‍മാരും മാധ്യമങ്ങളും രാഹുല്‍ എന്തുകൊണ്ടാണ് അമേത്തിയില്‍ നിന്നും മത്സരിക്കാത്തതെന്ന് ചോദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.വോട്ടിങ് യന്ത്രം ഇല്ലെങ്കില്‍ ബി.ജെ.പി 180 സീറ്റ് പിന്നിടില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിനും അമിത് ഷാ മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ തോറ്റാല്‍ ഇ.വി.എമ്മിനെ കുറ്റം പറയുന്നത് കോണ്‍ഗ്രസിന്‍റെ സ്വഭാവമാണെന്നായിരുന്നു അമിത് ഷായുടെ മറുപടി. തെലങ്കാന, കര്‍ണാടക, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോഴും ഇ.വി.എം ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയതെന്നും അമിത് ഷാ പറഞ്ഞു.
2004 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ രാഹുല്‍ അമേത്തി സീറ്റില്‍ നിന്നും വിജയിച്ചിരുന്നു. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെടാനായിരുന്നു രാഹുലിന്‍റെ വിധി. 55,000 വോട്ടുകള്‍ക്കാണ് രാഹുല്‍ തോറ്റത്. എന്നാല്‍, വയനാട് മണ്ഡലത്തില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ രാഹുല്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇക്കുറിയും അമേത്തിയില്‍ സ്മൃതി ഇറാനി തന്നെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. പക്ഷേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി പറയുകയാണെങ്കില്‍ മത്സരിക്കുമെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.