ബെര്‍ലിന്‍: അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജര്‍മനി.ജനാധിപത്യത്തിന്‍റെ മൗലിക തത്വങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ കേസില്‍ ബാധകമാക്കണമെന്നാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നടത്തിയ പ്രസ്താവനയില്‍ പറയുന്നത്.ഇന്ത്യന്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയും പിന്നാലെ അദ്ദേഹത്തിന്‍റെ ലോക്സഭാ അംഗത്വം റദ്ദാക്കിയതും ജര്‍മന്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിധിക്കെതിരെ രാഹുലിന് അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ അറിവ്. ഈ വിധി നിലനില്‍ക്കുമോ എന്നും അദ്ദേഹത്തെ അയോഗ്യനാക്കിയതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നും അപ്പോള്‍ മാത്രമേ വ്യക്തമാകുകയുള്ളൂ. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്‍റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്‍റെ മൗലിക തത്വങ്ങളും കേസില്‍ ബാധകമാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ‘- വാര്‍ത്താ സമ്മേളനത്തിനിടെ ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ തങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് യു എസ് ബുധനാഴ്ച പ്രതികരിച്ചിരുന്നു. ജുഡീഷ്യല്‍ സ്വാതന്ത്ര്യവും നിയമവാഴ്ചയും ജനാധിപത്യത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഇന്ത്യന്‍ കോടതികളില്‍ രാഹുല്‍ ഗാന്ധിയുടെ കേസുകള്‍ എങ്ങനെയാണ് പുരോഗമിക്കുന്നതെന്ന് നിരീക്ഷിക്കുന്നതായും യു എസ് സ്റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് ദേവാന്ത് പട്ടേല്‍ പറഞ്ഞിരുന്നു.
2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലുണ്ടായ ‘മോദി’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവ് വിധിക്കുകയും ചെയ്തു.