രാഹുല്‍ ഗാന്ധിയും ആനിരാജയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

Latest News

ആവേശകരമായ റോഡ് ഷോ

കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആനി രാജയും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ട് സ്ഥാനാര്‍ത്ഥികളും റോഡ് ഷോ നടത്തി. രാഹുല്‍ഗാന്ധി പത്രിക സമര്‍പ്പണത്തിന് മുമ്പ് റോഡ് ഷോ നടത്തി ഉച്ചക്ക് 1.30ഓടെയാണ് വരണാധികാരിയായ കളക്ടര്‍ക്ക് പത്രിക നല്‍കിയത്.
ആവേശകരമായ റോഡ്ഷോയ്ക്ക് ശേഷം കളക്ടറേറ്റിലെത്തിയ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍, എം.എം. ഹസ്സന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുലിന് ആവേശോജ്വലമായ വരവേല്‍പ്പാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിലാണ് രാഹുല്‍ ഇറങ്ങിയത്. റോഡ് മാര്‍ഗമാണ് കല്‍പ്പറ്റയിലേക്ക് പോയത്. പ്രളയകാലത്തിലെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞ രാഹുല്‍ വയനാട്ടുകാരുടെ ഒരുമയും ഐക്യവുമാണ് മഹാപ്രളയത്തിനിടെ പോലും തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. വയനാട്ടിലെ പാര്‍ലമെന്‍റംഗമാകുക എന്നത് ഏറ്റവും വലിയ ബഹുമതിയായാണ് കാണുന്നത്. വയനാട്ടിലെ ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ജനങ്ങളുടെ പോരാട്ടത്തില്‍ മുന്നില്‍ താനുമുണ്ടാകും. രാഹുല്‍ ഗാന്ധി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ആനിരാജ ഇന്നലെ ഉച്ചക്ക് 12 മണിക്കാണ് ജില്ലാ കളക്ടര്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. എല്‍.ഡി.എഫ് പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, കണ്‍വീനര്‍ ടി.വി.ബാലന്‍,സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, ഒ.ആര്‍.കേളു എംഎല്‍എ, പി.കെ. മൂര്‍ത്തി എന്നിവര്‍ക്കൊപ്പം കല്‍പ്പറ്റ കലക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കലക്ടര്‍ ഡോ. രേണു രാജിനു പത്രിക സമര്‍പ്പിച്ചു.
രാവിലെ പത്തിന് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച റോഡ് ഷോ എസ്കെഎംജെ സ്കൂള്‍ പരിസരത്ത് സമാപിച്ചു. അരിവാള്‍ നെല്‍കതിര്‍ ചിഹ്നം പതിച്ച തൊപ്പിയും കുടകളുമായി നിരന്ന അണികള്‍ കല്‍പ്പറ്റ ടൗണിനെ ചുവപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *