ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് കോണ്‍ഗ്രസ്.രാഹുല്‍ ഗാന്ധിയുടേയും ഭാരത് ജോഡോ യാത്രയുടേയും സുരക്ഷയില്‍ ആശങ്കയറിയിച്ചാണ് കത്ത്. നിരവധി തവണ യാത്രയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് കെ.സി വേണുഗോപാല്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.ഭാരത് ജോഡോ യാത്രയില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിക്കാതിരുന്നതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിസംബര്‍ 24ന് യാത്ര ഡല്‍ഹിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് സുരക്ഷാവീഴ്ചയുണ്ടായത്. പലപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരും യാത്രയില്‍ നടക്കാനെത്തുന്നവരുമാണ് രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കുന്നത്.രാജ്യത്ത് ഐക്യവും സമാധാനവും കൊണ്ടു വരുന്നതിനാണ് ഭാരത് ജോഡോ യാത്ര. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വിഭജന രാഷ്ട്രീയം കളിക്കരുതെന്നും കോണ്‍ഗ്രസ് കത്തില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് പാര്‍ട്ടി നേതൃത്വം കത്ത് അവസാനിപ്പിക്കുന്നത്.