ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന മുറവിളി പാര്‍ട്ടിയില്‍ വീണ്ടും ശക്തമായി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങാനിരിക്കെ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, രാജസ്ഥാന്‍, ചത്തീസ്ഗഢ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പ്രമേയം പാസാക്കി.
അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുല്‍ഗാന്ധി നല്‍കുമ്പോഴും സമ്മര്‍ദ്ദത്തിനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. രാഹുല്‍ അധ്യക്ഷനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ല. മറ്റാരേയും അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായേക്കില്ല. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെടുന്നു.
അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന തീരുമാനം രാഹുല്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ ഈയാവശ്യവുമായി രംഗത്തെത്തുമെന്നറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഗാന്ധി കുടുംബം ആവര്‍ത്തിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് മേല്‍ സമ്മര്‍ദ്ദമുണ്ട്.
പദവി ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും ഗലോട്ട് സമ്മതം അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് മറ്റ് പദവികള്‍ ഏറ്റെടുക്കാന്‍ ഗലോട്ടിന് താല്‍പര്യമില്ലെന്നാണ് വിവരം. ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കൂടിയാണ് വീണ്ടും ഗാന്ധി കുടുംബത്തിനായുള്ള മുറവിളി.