രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന്
വിലക്കണം; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ബി ജെ പി

India Latest News

ചെന്നൈ: രാഹുല്‍ ഗാന്ധിയെ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി രംഗത്ത്. രാഹുല്‍ പ്രചാരണങ്ങളില്‍ രണ്ടാം സ്വാതന്ത്ര്യസമരം വേണമെന്ന് പ്രസംഗിക്കുന്നത് യുവാക്കളില്‍ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ് ബി ജെ പി ആരോപണം.
രാഹുലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ ബി ജെ പി തിരഞ്ഞെടുപ്പ് സമിതിയുടെതാണ് പരാതി. കന്യാകുമാരി ജില്ലയിലെ മുളകുംമൂട് സെന്‍റ് ജോസഫ് മെട്രിക് സ്കൂളില്‍ നടത്തിയ പ്രചാരണത്തെ അടിസ്ഥാനമാക്കിയാണ് ബി ജെ പി പരാതി നല്‍കിയിരിക്കുന്നത്.രാജ്യത്ത് ഇപ്പോഴുളളത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുളള സാഹചര്യമാണെന്ന് രാഹുല്‍ ഗാന്ധി അവിടെ പ്രസംഗിച്ചിരുന്നു.
ഇതിനെ മറികടക്കാന്‍ ബ്രിട്ടീഷുകാരെ നേരിട്ട രീതിയില്‍ യുവതലമുറ സമരത്തിനിറങ്ങണം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഈ പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബി ജെ പിയുടെ പരാതി.രാഹുല്‍ ഗാന്ധിയുടെ നിലപാട് രാജ്യവിരുദ്ധവും പെരുമാറ്റ ചട്ട ലംഘനവും ആണെന്നാണ് ആരോപണം. സംഭവത്തില്‍ രാഹുലിനെതിരെ രാജ്യദ്രോഹം അടക്കമുളള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് രാഹുല്‍ ഗാന്ധി പ്രചാരണം നടത്തുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധിക്ക് എതിരായ ബി ജെ പിയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *