ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ കഴിഞ്ഞ ജനുവരി 14ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയാണ് രാജ്യത്ത് ചര്‍ച്ചയാകുന്നത്.കേന്ദ്ര സര്‍ക്കാറിന് കര്‍ഷക ദ്രോഹനിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് മാധ്യമങ്ങളോട് രാഹുല്‍ അന്ന് പ്രതികരിച്ചത്.കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ അഭിമാനമുണ്ട്.
കര്‍ഷകരെ പിന്തുണക്കുന്നു. കര്‍ഷകര്‍ക്കൊപ്പമാണ് താന്‍ നിലകൊള്ളുന്നത്. ഈ വിഷയം ഉയര്‍ത്തി കൊണ്ടു വരും. എന്‍റെ ഈ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവെച്ചോളൂ… കേന്ദ്ര സര്‍ക്കാറിന് ഈ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരും… ഞാന്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു…’ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് കാണാന്‍ മധുരയിലെത്തിയപ്പോഴാണ് കര്‍ഷക സമരത്തിന് നല്‍കുന്ന പിന്തുണ രാഹുല്‍ ആവര്‍ത്തിച്ചത്. കര്‍ഷകരുടെ നിലപാട് ഏറെ അഭിമാനം നല്‍കുന്നതാണെന്നും അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും രാഹുല്‍ അന്ന് വ്യക്തമാക്കിയിരുന്നു. മോദി സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് പ്രതീകാത്മക പിന്തുണ നല്‍കാനാണ് രാഹുല്‍ ജെല്ലിക്കെട്ട് കാണാന്‍ എത്തിയത്.