ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂലായ് 18നാണ് തിരഞ്ഞെടുപ്പ് നടക്കുക.ഈ മാസം 15നാണ് വിജ്ഞാപനം, 29വരെ പത്രിക സമര്‍പ്പിക്കാം. ജൂലായ് 21നാകും വോട്ടെണ്ണല്‍ നടക്കുക. ആകെ 4809 വോട്ടര്‍മാരാണുള്ളത്. 10,86,431ആണ് ആകെ വോട്ട് മൂല്യം. എംഎല്‍എമാരുടെ വോട്ട് മൂല്യം 5,43,23 ഉം എംപിമാരുടെ വോട്ട് മൂല്യം 5,43,200 മാണ്.
ഡല്‍ഹിയില്‍ വച്ചാണ് വോട്ടെണ്ണല്‍ നടക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാനാവില്ല. രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പ് വരണാധികാരി. കോഴയോ സമ്മര്‍ദ്ദമോ കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കും. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കുന്ന പേന ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലായ് 24ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്. ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ഡല്‍ഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ വോട്ട് മൂല്യമുള്ളത് ഉത്തര്‍പ്രദേശിനാണ്.