ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗ ഭീഷണിക്കിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഇതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പെഗാസസ് വിഷയം ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.രാജ്യത്തെ കോവിഡ് പോരാളികളെ അഭിവാദ്യം ചെയ്യുന്നുവെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കോവിഡിനെ ഐക്യത്തോടെ നേരിട്ടത് ജനാധിപത്യത്തിന്റെ വിജയം. മുന്നോട്ടു വയ്ക്കുന്നത് അടുത്ത 25 വര്‍ഷത്തെ വികസന ദര്‍ശനം. എല്ലാവര്ക്കും വികസനമെത്തിക്കുന്ന രാഷ്ട്രമാണ് ലക്ഷ്യം. കോവിഡ് കാലത്ത് എല്ലാവര്ക്കും സൗജന്യമായി ഭക്ഷണം നല്‍കാനായി. സൗജന്യ ഭക്ഷ്യധാന്യ പദ്ധതി മാര്‍ച്ച് 2022 വരെ നീട്ടി. കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്, കരുതല്‍ ഡോസ് എന്നിവ വലിയ നേട്ടം. പാവപ്പെട്ടവര്‍ക്ക് ഇതുവരെ രണ്ടു കോടി വീടുകള്‍ നിര്‍മിച്ചു നല്കി. ബി.ആര് .അംബേദ്കറുടെ തുല്യതാ നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും രാഷ്ട്രപതി പറഞ്ഞു