ന്യൂഡല്‍ഹി: രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടി കേന്ദ്രആഭ്യന്തര മന്ത്രാലയം.പശ്ചിമ ബംഗാളിലെ മമത സര്‍ക്കാര്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. നിയമങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ഇടപെടലുകളെ കുറിച്ച് അന്വേഷിച്ച് കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ബി.ജെ.പി ബംഗാള്‍ അധ്യക്ഷ സുഗന്ധ മജുംദര്‍ കത്തയച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്.
ഞായറാഴ്ചയാണ് ആക്രമണങ്ങള്‍ തുടങ്ങിയത്. രാമനവമി ആഘോഷങ്ങള്‍ക്കിടെ നടന്ന സംഘര്‍ഷത്തില്‍ അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും കടകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. പൊലീസ് വാഹനങ്ങളും തകര്‍ത്തു.
റിഷ്റ പൊലീസ് സ്റ്റേഷന്‍ മേഖലയില്‍ രണ്ട് രാമനവമി ആഘോഷ റാലികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. രണ്ടാമത്തെ റാലിക്കു നേരെ ഞായറാഴ്ച വൈകീട്ട് ആറോടെ കല്ലേറുണ്ടാവുകയും പിന്നാലെ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.