ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് രാഷ്ട്രപതി ആശംസകള്‍ കൈമാറിയത്.രാമക്ഷേത്ര പ്രതിഷ്ഠയോടെ ചരിത്രപരമായ ഒരു ഘട്ടം പൂര്‍ത്തിയാകുമെന്ന് കത്തില്‍ ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി. മോദിയുടെ വ്രതം ശ്രീരാമനോടുള്ള സമ്പൂര്‍ണ ഭക്തിയുടെ ഉദാഹരണമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള രാജ്യവ്യാപകമായ ആഘോഷം ഇന്ത്യയുടെ ആത്മാവിന്‍റെ പ്രതിഫലനമാണ്. നമ്മുടെ രാജ്യത്തിന്‍റെ പുനരുജ്ജീവനത്തിന്‍റെ ഒരു പുതിയ ചക്രത്തിന്‍റെ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്ന നമ്മള്‍ ഭാഗ്യവാന്മാരാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.