രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

Top News

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ ദേശീയ മീഡിയ കോ- ഓര്‍ഡിനേറ്ററായിരുന്ന രാധിക ഖേര ബിജെപിയില്‍ ചേര്‍ന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസിലുള്ളവര്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണമടക്കം ഉന്നയിച്ചാണ് അവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടത്.ഇന്നത്തെ കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസല്ലെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നശേഷം രാധിക ഖേര ആരോപിച്ചു. രാമവിരുദ്ധ, ഹിന്ദു വിരുദ്ധ കോണ്‍ഗ്രസാണ് ഇന്നുള്ളത്. രാമഭക്തയായതിന്‍റെ പേരിലും രാം ലല്ല ദര്‍ശിച്ചതിന്‍റെ പേരിലും തന്നോട് മോശമായിട്ട് പെരുമാറി. ബിജെപി സര്‍ക്കാരിന്‍റെ സംരക്ഷണം ലഭിച്ചിരുന്നില്ലെങ്കില്‍ തനിക്ക് ഇവിടെയെത്താന്‍ കഴിയുമായിരുന്നില്ല – ബിജെപി പ്രവേശനത്തിന് ശേഷം രാധിക ഖേര മാധ്യമങ്ങളോട് പ്രതികരിച്ചു.
അയോധ്യയില്‍ ദര്‍ശനം നടത്തിയതിനാലും ഹിന്ദുവായതിനാലും സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നതിനാലും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു രാധിക ഖേര കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസിനെതിരെ അവര്‍ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
നടന്‍ ശേഖര്‍ സുമനും ബിജെപി അംഗത്വം സ്വീകരിച്ചു. ഇന്ന് താന്‍ ഇവിടെ ഇരിക്കുമെന്ന് ഇന്നലെ വരെ ചിന്തിച്ചിരുന്നില്ലെന്ന് ശേഖര്‍ പറഞ്ഞു. ജീവിതത്തില്‍ പലതും അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നു. ഇവിടെ എത്താനുള്ള നിയോഗത്തിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *