തിരുവനന്തപുരം : 27-ാമത് രാജ്യാന്തരചലച്ചിത്രമേളക്ക് ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരത്ത് തുടക്കമാകും. എട്ടു ദിവസത്തെ മേളയില്‍ ഇത്തവണ 14 സ്ക്രീനുകളിലായി 185 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.പതിനായിരത്തോളം പ്രതിനിധികള്‍ക്കാണ് ഇത്തവണ മേളയില്‍ പ്രവേശനം അനുവദിക്കുന്നത്.
ലോക സിനിമയില്‍ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂര്‍വ ചിത്രങ്ങളും യുദ്ധവും ജീവിതത്തിന്റെ അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളുമാണ് മേളയുടെ മുഖ്യ ആകര്‍ഷണം.സെര്‍ബിയയില്‍ നിന്നുള്ള ആറു ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, കണ്ട്രി ഫോക്കസ്, ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.എഫ്.ഡബ്ല്യു മുര്‍ണോ, എമിര്‍ കുസ്റ്റുറിക്ക, ബേലാ താര്, അലഹാന്ദ്രോ ജോഡോറോവ്സ്കി, പോള്‍ ഷ്രെഡര്‍ എന്നിവരുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക പാക്കേജുകള്‍, സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഇത്തവണത്തെ മേളയില്‍ ഉണ്ടാവും.