ന്യൂഡല്‍ഹി : രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 15 സംസ്ഥാനങ്ങളിലായി 57 രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.നിലവിലെ സമ്പ്രദായമനുസരിച്ച് വോട്ടെടുപ്പ് അവസാനിച്ച് ഒരു മണിക്കൂറിന് ശേഷം വോട്ടെണ്ണല്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന അതേദിവസം തന്നെ ഫല പ്രഖ്യാപനവും നടക്കും.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള വിവിധ തീയതികളില്‍ അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി, കോണ്‍ഗ്രസ് നേതാക്കളായ അംബികാ സോണി, ജയറാം രമേശ്, കപില്‍ സിബല്‍, ബിഎസ്പിയുടെ സതീഷ് ചന്ദ്ര മിശ്ര എന്നിവരാണ് വിരമിക്കുന്നവരില്‍ പ്രമുഖര്‍.
15 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉത്തര്‍പ്രദേശിലാണ്. സംസ്ഥാനത്ത് 11 ഒഴിവുകള്‍ ഉള്ളപ്പോള്‍ തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് 6 അംഗങ്ങള്‍ വീതവും ബീഹാറില്‍ നിന്ന് 5 പേരും ആന്ധ്രാപ്രദേശ്, രാജസ്ഥാന്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് 4 പേര് വീതവുമാണ് വിരമിക്കുന്നത്.മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് 3 പേര് വീതവും തെലങ്കാന, ഛത്തീസ്ഗഡ്, പഞ്ചാബ് ജാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് 2 പേര് വീതവും ഉത്തരാഖണ്ഡില്‍ നിന്ന് ഒരാളുമാണ് വിരമിക്കുന്നത്.