ന്യൂഡല്‍ഹി: കേരളത്തില്‍നിന്നു കാലാവധി പൂര്‍ത്തിയാക്കുന്ന രാജ്യസഭയിലെ മൂന്ന് ഒഴിവുകളിലേക്ക് ഏപ്രില്‍ 12ന് പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പു മരവിപ്പിച്ചതു സാങ്കേതിക കാരണങ്ങളാല്‍. തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറത്തിറക്കി നടപടികള്‍ ആരംഭിച്ചശേഷം ഇത്തരത്തില്‍ തെരഞ്ഞെടുപ്പു മരവിപ്പിച്ച നടപടി അപൂര്‍വമായി.
നിയമസഭാ തെരഞ്ഞെടുപ്പിനു വിജ്ഞാപനം പുറത്തിറക്കിയ ശേഷം അതേ നിയമസഭയില്‍നിന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തുന്നത് ഉചിതവും ചട്ടപ്രകാരവും ആകില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണു തുടങ്ങിവച്ച നടപടികള്‍ മരവിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുമ്പായി രാജ്യസഭാ തെരഞ്ഞെടുപ്പു നടത്താതിരുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷനു വ്യക്തമായ വിശദീകരണമില്ല. 1987ല്‍ കെ. ഗോപാലന് രാജ്യസഭയിലേക്കു മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ആ തെരഞ്ഞെടുപ്പു മാറ്റിവച്ചിരുന്നു. പുതിയ നിയമസഭ നിലവില്‍ വന്ന ശേഷമായിരുന്നു പിന്നീട് തെരഞ്ഞെടുപ്പു നടത്തിയത്.
ഇനി മേയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷമേ രാജ്യസഭയിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ പുനരാരംഭിക്കുകയുള്ളൂ. പുതിയ നിയമസഭയുടെ കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തിലെത്തുന്ന മുന്നണിക്കു രണ്ടും പ്രതിപക്ഷത്തിനു ഒരു സീറ്റിലും ജയിക്കാനാകും. കേരള കോണ്‍ഗ്രസ്എം ചെയര്മാന് കൂടിയായ ജോസ് കെ. മാണി രാജിവച്ച ഒഴിവിലേക്ക് അടുത്ത നിയമസഭയുടെ കാലത്ത് പ്രത്യേക തെരഞ്ഞെടുപ്പാകും നടക്കുക.
രാജ്യസഭാംഗത്തിന് ആറു വര്‍ഷമാണു കാലാവധി. ഇതനുസരിച്ച് വയലാര്‍ രവി, അബ്ദുള്‍ വഹാബ്, കെ.കെ. രാഗേഷ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21ന് അവസാനിക്കും.
