രാജ്യത്ത് 14,199 പുതിയ കോവിഡ് കേസുകള്‍, 83 മരണവും;
അമേരിക്കയില്‍ മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്ക്

India Kerala

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 14,199 ആയി. 9,695 പേര്‍ രോഗമുക്തരായപ്പോള്‍ 83 പേര്‍ മരണമടഞ്ഞു. ഇതുവരെ 1,10,05,850 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,06,99,410 പേര്‍ രോഗമുക്തരായി. 1,56,385 പേര്‍ മരണമടഞ്ഞു. 1,50,055 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 1,11,16,854 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ മരണമടഞ്ഞവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. രോഗം സ്ഥിരീകരിച്ച് ഒരു വര്‍ഷത്തിനുള്ളിലുണ്ടായ മരണനിരക്ക് രാജ്യത്തിന്‍റെ ആരോഗ്യ, സാമ്പത്തിക മേഖലയിലെ പ്രതിസന്ധി കൂടിയാണ് സൂചിപ്പിക്കുന്നത്. 1918ല്‍ ബാധിച്ച മഹാമാരി മുതല്‍ ഇതുവരെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വൈറ്റ് ഹൗസ് കോവിഡ് 19 മെഡിക്കല്‍ അഡ്വൈസര്‍ ഡോ.അന്തോനി ഫൗസി പറഞ്ഞു. മരണമടഞ്ഞവരെ സ്മരിച്ചുകൊണ്ട് പ്രസിഡന്‍റ് ജോ ബൈഡന്‍ വൈകാതെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.ലോകത്താകെ 111,954,201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24,77,819 പേര്‍ മരണമടഞ്ഞു. അമേരിക്കയില്‍ മാത്രം 28,765,423 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. രോഗികള്‍ ചികിത്സയിലുള്ള രാജ്യങ്ങളില്‍ അമേരിക്കയാണ് മുന്നില്‍. ഫ്രാന്‍സ്, ബ്രിട്ടണ്‍, ബ്രസീല്‍, ബെല്‍ജിയം എന്നിവ തൊട്ടുപിന്നിലുണ്ട്.മാര്‍ച്ച് എട്ട് മുതല്‍ ബ്രിട്ടണില്‍ എല്ലാ സ്കൂളുകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *