ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 13,596 കോവിഡ് കേസുകള്‍ മാത്രം. ഇതില്‍ പകുതിയോളം രോഗികളും കേരളത്തില്‍ നിന്നാണ്. 7555 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.
എട്ടുമാസത്തെ അല്ലെങ്കില്‍ 230 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,40,81,315 ആയി. കേരളം (7555), മഹാരാഷ്ട്ര (1715), തമിഴ്നാട് (1218), പശ്ചിമ ബംഗാള്‍ (624), ഒഡീഷ (443) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞദിവസം 166 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലാണ് (74) ഏറ്റവും കൂടുതലാളുകള്‍ മരിച്ചത്.ചികിത്സയിലുള്ള രോഗികളുടെ കണക്ക് 221 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 1,89,694 പേര്‍ മാത്രമാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 19,582 പേര്‍ രോഗമുക്തി നേടി. 98.12 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,34,39,331 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. ദേശീയ വാക്സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി ഇതുവരെ 97.79 ഡോസ് കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കി. 12,05,162 ഡോസ് വാക്സിന്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തു.