ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തുള്‍പ്പടെ പലയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുമ്പോള്‍ കേരളത്തില്‍ രോഗം കുറയാതെ നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. രാജ്യത്ത് പുതുയ കണക്കു പ്രകാരം 39,361 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന മരണസംഖ്യയില്‍ ഞായറാഴ്ചത്തേതിലും വലിയ കുറവുണ്ടായി. ഇന്ന് സ്ഥിരീകരിച്ചത് 416 മരണങ്ങളാണ്.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 100 പേരില്‍ 3.41 ആണ്. തുടര്‍ച്ചയായ 35ാം ദിവസവും നിരക്ക് താഴുകയാണ്. 35,968 പേര്‍ ഇന്ന് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗം ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം ഇപ്പോള്‍ 4,11,189 ആണ്. ചികിത്സയിലുളളവരുടെ നിരക്ക് 1.31 ശതമാനമാണ്. ഇതുവരെ 4,20,967 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്.3.05 കോടിയാളുകള്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നിരക്ക് 97.35 ശതമാനമായി. ഇതുവരെ 43.51 കോടി ഡോസ് വാക്സിന്‍ നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ 3.29 കോടി ഡോസ് വാക്സിന്‍ ലഭ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു. ഏറ്റവുമധികം പ്രതിദിന കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ഇന്നും കേരളമാണ്. 17,466 കേസുകള്‍. കേരളത്തില്‍ മൂന്ന് ജില്ലകളില്‍ 2000ലധികമാണ് രോഗികള്‍. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണത്തിന് ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍.