രാജ്യത്ത് പഞ്ചസാര വില വര്‍ദ്ധിക്കുന്നു; കയറ്റുമതി നിയന്ത്രിച്ചേക്കും

Top News

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര വില വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഏകദേശം മൂന്ന് ശതമാനത്തിലധികം വര്‍ദ്ധനവാണ് വിലയിലുണ്ടായത്. നിലവില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണെന്ന് വ്യാപാരികളും വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറയുന്നു. രാജ്യത്ത് കരിമ്പ് കൃഷി ചെയ്യുന്ന പ്രധാന മേഖലകളില്‍ മഴ ലഭ്യത കുറഞ്ഞത് പഞ്ചസാര ഉത്പാദനത്തെ ബാധിച്ചു തുടങ്ങിയതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനവിന് കാരണമായി പറയുന്നത്.വില വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചസാര കയറ്റുമതിക്കും സംഭരണത്തിനും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്ന സൂചനകളുമുണ്ട്. ആഗോള തലത്തിലും പഞ്ചസാരയ്ക്ക് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് അടുത്തേക്ക് നീങ്ങുകയാണ്. വരള്‍ച്ച കാരണം പുതിയ സീസണില്‍ ഉത്പാദനം കുത്തനെ ഇടിയുമെന്ന ഭയത്തിലാണ് ഷുഗര്‍ മില്ലുകളെന്ന് ബോംബൈ ഷുഗര്‍ മര്‍ച്ചെന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അശോക് ജെയിന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ കുറഞ്ഞ വിലയ്ക്ക് പഞ്ചസാര നല്‍കാന്‍ മില്ലുടമകള്‍ തയ്യാറാവുന്നുമില്ല – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചൊവ്വാഴ്ച മെട്രിക് ടണ്ണിന് 37,760 രൂപയായിരുന്നു പഞ്ചസാര വില. 2017 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. അതേസമയം അന്താരാഷ്ട്ര വിലയെ അപേക്ഷിച്ച് ഏകദേശം 30 ശതമാനം കുറവാണ് ഇപ്പോഴും ഇന്ത്യന്‍ വിപണിയിലെ വില. കയറ്റുമതി നിയന്ത്രണം പോലുള്ള നടപടികള്‍ക്ക് ഇപ്പോഴത്തെ വില വര്‍ദ്ധനവ് ഇന്ത്യന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചേക്കുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. 2022ല്‍ 6.1 മില്യന്‍ ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2021ല്‍ കയറ്റുമതി 11.1 മില്യന്‍ ടണ്ണായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *