ന്യൂഡല്‍ഹി: ചില്ലറ ഇടപാടുകള്‍ സുഗമമാക്കാന്‍ ഉദ്ദേശിച്ച് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാട് രാജ്യത്ത് നാല് നഗരങ്ങളില്‍ ആരംഭിച്ചു.മുംബൈ, ദല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ആളുകള്‍ക്കിടയിലാണ് ആദ്യം ഡിജിറ്റല്‍ കറന്‍സി ഇടപാട് അനുവദിക്കുകയുള്ളൂ.
റിസര്‍വ്വ് ബാങ്ക് തുടക്കത്തില്‍ 1.71 കോടി രൂപയുടെ ഡിജിറ്റല്‍ കറന്‍സിയാണ് പുറത്തിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സി തുടക്കത്തില്‍ എസ് ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവ വഴിയാണ് അനുവദിക്കുക. അതത് ബാങ്കുകളുടെ ആപ് വഴിയായിരിക്കും ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാന്‍ കഴിയുക. ഈ ആപിലെ ഡിജിറ്റല്‍ വാലറ്റ് വഴി കടക്കാരുമായും മറ്റ് വ്യക്തികളുമായും ചെറിയ തുകകളുടെ ഇടപാടുകള്‍ നടത്താന്‍ കഴിയും.ഇതില്‍ എന്തെങ്കിലും പോരായ്മകളുണ്ടോ എന്ന കാര്യം റിസര്‍വ്വ് ബാങ്ക് പഠിച്ച ശേഷമായിരിക്കും വ്യാപകമായി നടപ്പാക്കുക. ചെറുകിട ഇടപാടുകാരുടെ ആവശ്യവും ബാങ്കുകളിലെ പണലഭ്യതയും കണക്കിലെടുത്താണ് കൂടുതല്‍ ഇ-രൂപ അനുവദിക്കുക.ഇപ്പോള്‍ തെരഞ്ഞെടുത്ത വിശ്വസ്ത സുഹൃദ് വലയങ്ങള്‍ക്കകത്തും തെരഞ്ഞെടുക്കപ്പെട്ട കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലും ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ച് ഇടപാടുകള്‍ തുടങ്ങി.