ന്യൂഡല്‍ഹി : രാജ്യത്ത് ഗ്രാമീണമേഖലയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാകുന്നത് എട്ടുശതമാനം കുട്ടികള്‍്ക്കു മാത്രമെന്ന് സര്‍വേ റിപ്പോര്‍ട്ട്. നഗരപ്രദേശങ്ങളില്‍ ഇത് 24 ശതമാനം. ഗ്രാമങ്ങളിലെ 37 ശതമാനം കുട്ടികള്‍ക്ക് പഠനസൗകര്യം തീര്‍ത്തും ഇല്ല. കോവിഡും അടച്ചിടലും വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ച കെടുതിയുടെ വ്യാപ്തി വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത് സാമ്പത്തികവിദഗ്ധരായ ജീന്‍ ദ്രേസ്, റീതിക ഖേര, ഗവേഷകന് വിപുല്‍ പൈക്ര എന്നിവര്‍.
പതിനഞ്ച് സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശത്തുമായി ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ 1400 കുട്ടികളുടെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി ആഗസ്തിലാണ് സര്‍വേ നടത്തിയത്. പകുതിയിലേറെ കുടുംബങ്ങളും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നായിരുന്നു. അസം, ബിഹാര്‍, ഗുജറാത്ത്, ഹരിയാന, കര്‍ണാടകം, മധ്യപ്രദേശ്, ഒഡിഷ, പഞ്ചാബ്, തമിഴ്നാട്, ബംഗാള്‍, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി.
സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതാണ് ഓണ്‍ലൈന്‍ പഠനത്തിന് മുഖ്യതടസം.
ചില കുടുംബങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കിലും അവ മുതിര്‍ന്നവരുടെ ആവശ്യത്തിനുമാത്രം. സ്കൂളുകളില്‍നിന്ന് ഓണ്‍ലൈനില്‍ പഠനസാമഗ്രി ലഭിക്കുന്നില്ല,
ലഭിച്ചാല്‍ത്തന്നെ രക്ഷിതാക്കള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലാത്തതും പ്രശ്നം. കഴിഞ്ഞവര്‍ഷം സ്വകാര്യസ്കൂളുകളില്‍ ചേര്‍ന്ന കുട്ടികളില്‍ നാലിലൊന്നു പേര് പിന്നീട് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറി. സാമ്പത്തികബുദ്ധിമുട്ടാണ് കാരണം.