ന്യൂഡല്‍ഹി: കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍. താപവൈദ്യുത നിലയങ്ങളില്‍ മതിയായതോതില്‍ കല്‍ക്കരി സംഭരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതോടെ കശ്മീര്‍ മുതല്‍ ആന്ധ്രപ്രദേശ് വരെയുള്ള സംസ്ഥാനങ്ങള്‍ രണ്ട് മുതല്‍ എട്ടുമണിക്കൂര്‍വരെ പവര്‍കട്ട് ഏര്‍പ്പെടുത്തി. ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തി. രാജ്യത്ത് കല്‍ക്കരിക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പവര്‍ കട്ട് മെട്രോ ട്രെയിനുകളെയും ആശുപത്രികളെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യതലസ്ഥാനത്തെ മെട്രോ ട്രെയിനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള പ്രധാന സ്ഥാപനങ്ങള്‍ക്കു വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹി വൈദ്യുതി മന്ത്രി സത്യേന്ദര്‍ ജെയിന്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം ചേരുകയും ദേശീയ തലസ്ഥാനത്തു വൈദ്യുതി എത്തിക്കുന്ന വൈദ്യുത നിലയങ്ങളില്‍ മതിയായ കല്‍ക്കരി ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതുകയും ചെയ്തു. ദാദ്രികക, ഉഞ്ചഹാര്‍ പവര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍, ഡല്‍ഹി മെട്രോ, ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ പല അവശ്യസ്ഥാപനങ്ങളിലേക്കും 24 മണിക്കൂര്‍ വൈദ്യുതി വിതരണത്തില്‍ പ്രശ്നമുണ്ടായേക്കാമെന്നു സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
രണ്ട് മുതല്‍ എട്ടുമണിക്കൂര്‍ വരെയാണു പവര്‍കട്ട്. ഇതോടെ ഈ സംസ്ഥാനങ്ങളില്‍ ഫാക്ടറികളുടെ പ്രവര്‍ത്തനം താറുമാറായി. ഉത്തരേന്ത്യയില്‍ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലുമാണ് ഏറ്റവുമധികം ഊര്‍ജപ്രതിസന്ധിയുള്ളത്.