ന്യൂഡല്‍ഹി; രാജ്യത്ത് രണ്ടു പേര്‍ കൂടി എച്ച് 3 എന്‍ 2 വൈറസ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്.മഹാരാഷ്ട്രയിലാണ് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യമന്ത്രി തനാജി സാവന്ത് സംസ്ഥാനത്തെ എച്ച് 3 എന്‍ 2 മരണങ്ങളെക്കുറിച്ച് സഭയെ അറിയിച്ചത്.
23 വയസുകാരനായ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് മരിച്ചവരില്‍ ഒരാള്‍. ഇയാള്‍ക്ക് എച്ച് 3 എന്‍ 2, എച്ച് 1എന്‍1 വൈറസിനൊപ്പം കോവിഡും സ്ഥിരീകരിച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി. 74കാരനാണ് മരിച്ച മറ്റൊരാള്‍. സംസ്ഥാനത്ത് ഇതുവരെ 361 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടു ദിവസത്തില്‍ മാര്‍ഗരേഖ പുറത്തിറക്കുമെന്നും തനാജി സാവന്ത് സഭയെ അറിയിച്ചു. തിരക്കേറിയ സ്ഥലത്ത് മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ടു പേര്‍ എച്ച്3എന്‍2 ബാധിച്ച് മരിച്ചത്. തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളുടെ ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും അറിയിച്ചിരുന്നു. കേരളത്തില്‍ എച്ച്1എന്‍1 കേസുകളിലാണ് കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. തുടര്‍ച്ചയായ ചുമ, പനി, കുളിര്, ശ്വാസതടം എന്നിവയാണ് എച്ച്3എന്‍2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും കാണാം. കടുത്ത പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് എച്ച്1എന്‍1 വൈറസ് ബാധയുടെ ലക്ഷണങ്ങളായി വരുന്നത്.