ദില്ലി; കഴിഞ്ഞ 24 മണിക്കൂറില്‍ 38,18,362 ഡോസ് വാക്സിനുകള്‍ നല്‍കിയതോടെ രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 86 കോടി പിന്നിട്ടു. 84,07,679 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയത്. കേന്ദ്ര ഗവണ്മെന്‍റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 84.50 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. കൂടാതെ, 21 ലക്ഷം വാക്സിന്‍ ഡോസുകള്‍ ഉടന്‍ കൈമാറുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4.74 കോടിയില്‍ അധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. അതേമയം രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,621 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,29,31,972 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.78 ശതമാനമാണ്.