രാജ്യത്ത് ആദ്യത്തെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം

Top News

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്‍റെ (കേരള ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി ശക്തിപ്പെടുത്തിയ ഹബ്ബ് ആന്‍ഡ് സ്പോക്ക് മാതൃകയിലൂടെ രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറി. എറണാകുളം ജില്ലയാണ് ആന്‍റിബയോഗ്രാം പുറത്തിറക്കിയത്.
എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എ.എം.ആര്‍ കമ്മിറ്റികള്‍ രാജ്യത്ത് ആദ്യമായി കേരളത്തില്‍ രൂപീകരിച്ചിരുന്നു. അവയുടെ പ്രവര്‍ത്തനഫലമായാണ് എറണാകുളം ജില്ലക്ക് ഇത് പുറത്തിറക്കാന്‍ സാധിച്ചത്. കാര്‍സാപ്പ് അവലോകന യോഗത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കിയത്. ലോക എ.എം.ആര്‍ അവബോധ വാരാചണത്തോടനുബന്ധിച്ചും ആന്‍റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായും കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പുസ്തകവും മന്ത്രി പുറത്തിറക്കി. എല്ലാ ജില്ലകളുടേയും ആന്‍റിബയോഗ്രാം വരും വര്‍ഷങ്ങളില്‍ പുറത്തിറക്കുക എന്നുള്ളതാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 11 ജില്ലകളില്‍ ഹബ്ബ് ആന്‍ഡ് സ്പോക്ക് മാതൃകയില്‍ ലാബ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും പുറത്തിറക്കുന്ന കാര്‍സ്നെറ്റ് ശൃംഖലയിലൂടെയുള്ള കാര്‍സാപ്പ് ആന്‍റിബയോഗ്രാം വഴി ത്രിതല ആശുപത്രികളിലെ എ.എം.ആര്‍ രീതിയാണ് പഠിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ജില്ലാതല ആന്‍റിബയോഗ്രാമിലൂടെ പ്രാഥമിക, ദ്വിതീയതല ആശുപത്രികളിലെ എ.എം.ആര്‍ (ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) ട്രെന്‍ഡ് മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *