രാജ്യത്ത് ആദ്യം; ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് ബില്‍ പാസാക്കി

Latest News

ഡെറാഡൂണ്‍: രാജ്യത്ത് ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏകസിവില്‍ കോഡ് ബില്‍ പാസാക്കിയത്.ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതി നേരത്തേ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിക്ക് കൈമാറിയിരുന്നു. സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ഇതിനായി പ്രത്യേകം സമിതിയെ നിയോഗിക്കുകയും ചെയ്തു.
വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ എല്ലാ പൗരന്‍മാര്‍ക്കും മതഭേദമില്ലാതെ ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന ഏക സിവില്‍ കോഡ് ബില്‍ ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. രാജ്യമാകെ നടപ്പാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച ഏക സിവില്‍ കോഡിന്‍റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിലേത്.ബില്‍ പ്രകാരം വിവാഹവും ലിവ് ഇന്‍ ബന്ധങ്ങളും രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവര്‍ (ലിവ് ഇന്‍ ബന്ധം) ഒരു മാസത്തിനകം തങ്ങളുടെ താമസ പരിധിയിലുള്ള രജിസ്ട്രാര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *