ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 കേസുകളില്‍ ഭൂരിഭാഗവും സാര്‍സ് കോവ ്2 വിന്‍റെ ഡെല്‍റ്റാ വകഭേദം മൂലമാണെന്നും മറ്റു വകഭേദം മൂലമുള്ള രോഗവ്യാപനം കുറവാണെന്നും ഐഎന്‍എസ്എസിഒജി. ഡെല്‍റ്റാ വകഭേദത്തേക്കാള്‍ രോഗവ്യാപന ശേഷിയുള്ള പുതിയ വൈറസ് വകഭേദം നിലവില്‍ കണ്ടെത്തിയിട്ടില്ല.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച സാമ്പിളുകളില്‍ ഡെല്‍റ്റ വൈറസിന്‍റെ സാന്നിധ്യമാണ് കാണുന്നത്. രോഗവ്യാപനശേഷി കൂടുതലുള്ള ഡെല്‍റ്റ വകഭേദത്തിന്‍റെ സാന്നിധ്യം ലോകത്തും പ്രത്യേകിച്ച് തെക്കു കിഴക്കന്‍ ഏഷ്യയിലും വര്‍ധിച്ചുവരുകയാണെന്നും ജനിതക ഘടനാ ഗവേഷണത്തിലുള്ള സര്‍ക്കാര്‍ പാനലിന്‍റെ കണ്‍സോഷ്യമായ ഐഎന്‍എസ്എസിഒജി പറഞ്ഞു.
ഇന്ത്യയില്‍ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ കോവിഡ് രണ്ടാം തരംഗത്തിനു കാരണം ഡെല്‍റ്റ വകഭേദമാണ്. വന്‍തോതില്‍ വാക്സിന്‍ നല്‍കുകയും പൊതുജനാരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത സിംഗപ്പൂര്‍ ഡെല്‍റ്റാ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്.
വാക്സിന്‍ എടുത്തശേഷം ഡെല്‍റ്റ വകഭേദം മൂലം രോഗമുണ്ടായവരില്‍ 9.8 ശതമാനം പേര്‍ക്കു മാത്രമാണ് ആശുപത്രി ചികിത്സ ആവശ്യമായിവന്നത്. മരണ നിരക്ക് 0.4 ശതാനം മാത്രമാണെന്നും ഐസിഎംആര്‍ പഠനത്തില്‍ പറയുന്നു.