ന്യൂഡെല്‍ഹി: ഇന്ത്യ 100 കോടി ഡോസ് വാക്സിനെന്ന കഠിനമായ ലക്ഷ്യം വിജയകരമായി പൂര്‍ത്തികരീച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 കോടി ഡോസ് വാക്സിനെന്നത് വെറുമൊരു സംഖ്യയല്ല. ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും ചരിത്ര നേട്ടത്തില്‍ ഓരോ പൗരനേയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം 100 കോടി ഡോസ് വാക്സിനേഷന്‍ എന്ന നാഴികക്കല്ല് പിന്നിട്ടതിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തത്.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ വാക്സിനേഷന്‍ യജ്ഞം പുതിയ നാഴികക്കല്ലാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാക്സിന്‍ ലഭിക്കുമോ ഇല്ലയോ പകര്‍ചവ്യാധി പടരാതിരിക്കാന്‍ മതിയായ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ ഇന്‍ഡ്യയ്ക്ക് കഴിയുമോ പലതരം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇന്ന് ഈ 100 കോടി വാക്സിന്‍ ഡോസ് എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളാണ് പുതിയ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഇന്‍ഡ്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ് ഈ വിജയം.
നേട്ടത്തിന് ഇന്‍ഡ്യയിലെ എല്ലാ പൗരന്‍മാരേയും അഭിനന്ദിക്കുകയാണ്. ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ഇപ്പോള്‍ ലോകം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനമെന്ന മുദ്രവാക്യത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഇന്ത്യയുടെ വാക്സിനേഷന്‍ കാമ്പയിന്‍. വാക്സിനേഷന്‍ പദ്ധതിയില്‍ വി ഐ പി സംസ്കാരം ഒഴിവാക്കാന്‍ സാധിച്ചു. എല്ലാവരേയും ഒരു പോലെ പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വാക്സിനേഷന്‍ പുരോഗമിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം പാത്രം കൊട്ടാന്‍ പറഞ്ഞപ്പോഴും ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടപ്പോഴും പലരും അതിനെ കളിയാക്കി. എന്നാല്‍, അത് ഇന്ത്യയുടെ ഐക്യത്തെയാണ് വെളിപ്പെടുത്തിയത്. രാജ്യത്തെ എല്ലാ ജനങ്ങളും മെയ്ഡ് ഇന്‍ ഇന്ത്യയുടെ ശക്തി ഇപ്പോള്‍ അറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.