രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ്ജ ഗ്രാമം മൊധേര; പ്രഖ്യാപനം നടത്തി നരേന്ദ്രമോദി

Latest News

ഗാന്ധിനഗര്‍ : ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ്ജ ഗ്രാമമായി മൊധേര. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഗുജറാത്തിലെ മൊഹ്സാന ജില്ലയിലെ മൊധേരയെ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ്ജ ഗ്രാമമായി പ്രഖ്യാപിച്ചു.ഒക്ടോബര്‍ ഒമ്ബത് മുതല്‍ 11 വരെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിലാണ് നരേന്ദ്രമോദി. സന്ദര്‍ശനത്തിന്‍റെ ആദ്യദിവസം തന്നെ പ്രധാനമന്ത്രി മൊധേര സന്ദര്‍ശിക്കുകയും നെറ്റ് റിന്യൂവബിള്‍ എനര്‍ജി ജനറേറ്ററായി മാറുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമായി ഇതിനെ പ്രഖ്യാപിക്കുകയും ചെയ്തു.
മോധേരയിലെ ജനങ്ങള്‍ സൗരോര്‍ജ്ജം ഉപയോഗിച്ചതിന് ശേഷം വൈദ്യുതി ബില്ലില്‍ 60 ശതമാനം മുതല്‍ 100 ശതമാനം വരെ ലാഭം ഉണ്ടാക്കുന്നുണ്ട്. തന്‍മൂലം വൈദ്യുതിക്ക് അധികം പണം ചെലവഴിക്കേണ്ടി വരുന്നില്ല. അതേസമയം, വൈദ്യുതി വില്‍ക്കാനും അതില്‍ നിന്ന് സമ്ബാദിക്കാനും ജനങ്ങള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറച്ചുകാലം മുമ്പ് വരെ സര്‍ക്കാര്‍ പൗരന്മാര്‍ക്ക് വൈദ്യുതി വിതരണം ചെയ്തിരുന്നെങ്കില്‍, ഇപ്പോള്‍ പൗരന്മാര്‍ക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മൊധേര ഇനി സൂര്യഗ്രാമം എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.സൂര്യക്ഷേത്രത്തില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെ മെഹ്സാനയിലെ സുജ്ജന്‍പുരയില്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റവുമായി സംയോജിപ്പിച്ച സോളാര്‍ പവര്‍ പ്രോജക്ട് വഴി മോധേര സൂര്യക്ഷേത്രത്തിന്‍റെയും പട്ടണത്തിന്‍റെയും സൗരോര്‍ജ്ജ പദ്ധതി കേന്ദ്ര-ഗുജറാത്ത് സര്‍ക്കാരുകള്‍ ആരംഭിച്ചു.
പദ്ധതിക്കായി ഗുജറാത്ത് സര്‍ക്കാര്‍ 12 ഹെക്ടര്‍ സ്ഥലം അനുവദിച്ചിരുന്നു.
80.66 കോടി രൂപ 50:50 അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും രണ്ടു ഘട്ടങ്ങളിലായി ചെലവഴിച്ചു. ആദ്യഘട്ടത്തില്‍ 69 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 11.66 കോടി രൂപയും ചെലവഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *