ന്യൂഡല്‍ഹി: രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി ഡല്‍ഹി. മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനത്തിന് പുറമെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാനിലെ ഫലോദിയില്‍ 51 ഡിഗ്രി സെല്‍ഷ്യസാണ് ബുധനാഴ്ച്ച രേഖപ്പെടുത്തിയ താപനില.
ഹരിയാനയിലെ സിര്‍സയില്‍ 50.3 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. അതേസമയം അറബിക്കടലില്‍ നിന്നുള്ള തണുത്ത കാറ്റിനെ തുടര്‍ന്ന് തെക്കന്‍ രാജസ്ഥാനിലെ ജില്ലകളായ ബാര്‍മെര്‍, ജോധ്പുര്‍, ഉദയ്പുര്‍, സിരോഹി, ജലോര്‍ എന്നിവിടങ്ങളില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ഉഷ്ണതരംഗം കുറയുന്നതിന്‍റെ സൂചനയാണ് ഇത്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം നിറഞ്ഞ കാറ്റ് എത്തുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ ഉത്തര്‍പ്രദേശിലെ ഉയര്‍ന്ന താപനിലയില്‍ ക്രമാനുഗതമായ കുറവുണ്ടാകും.